അഞ്ചല്‍ : വാറ്റ്ചാരായം നിര്‍മിക്കുന്നതിനായി അനധികൃതമായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ചാരായ ഉപകരണങ്ങളും പിടിച്ചെടുത്തു.
ഏരൂര്‍ ഈച്ചംകുഴിയില് ഏബനൈസര് ഗാര്‍ഡനില്‍ മോനച്ചന് (73) വീടിനു സമീപത്തെ പുരയിടത്തില്‍ താത്കാലികമായി നിര്‍മിച്ച ഷെഡില്‍ അഞ്ചല്‍ എക്സൈസ് സംഘം സംഘം നടത്തിയ പരിശോധനയിലാണ് 120 ലിറ്റര്‍ കോടയും 200 മില്ലി ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. .
ഷെഡിന് സമീപം കന്നാസുകളിലായി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കോട നശിപ്പിക്കുകയും, വാറ്റുപകരണങ്ങളും, ചാരായവും പിടിച്ചെടുക്കുകയും ചെയ്തു.
മോനച്ചനെതിരെ കേസെടുത്തു. പരിശോധനാ സമയത്ത് പ്രതിയായ മോനച്ചന് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ക്കായുള്ള അന്വേഷണം എക്സൈസ് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. അഞ്ചല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിദാസ്, പ്രിവന്റീവ് ഓഫിസര്‍ സുജിത്ത്, സിഇഒ മാരായ സുരേഷ്, രാജ്മോഹന്‍, നാസിമുദീന്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.